മലപ്പുറം: കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജില്ലകളില്‍ അതീവ ജാഗ്രതവേണമെന്ന നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കളക്ടര്‍ ഉത്തരവിറക്കി. ഇനി ഒരു അറിയപ്പുണ്ടാകുന്നത് വരെ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍ വി ആര് വിനോദ് നിര്‍ദ്ദേശം നല്കി.
മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണമെന്നും നദീതീരത്ത് താമസിക്കുന്ന എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു. വലിയ മഴ പെയ്യുകയാണെങ്കില്‍ ബാക്കിക്കയം ഷട്ടര്‍ തുറക്കുന്നതിനാല്‍ കടലുണ്ടിപ്പുഴ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. സര്‍ക്കാര്‍ വകുപ്പുകളും പോലീസും നല്കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. വൈദ്യുതി ബോര്‍ഡും പൊതുമരാമത്ത് വകുപ്പും പഞ്ചായത്ത് തല ദുരന്ത പ്രതികരണ സംഘങ്ങളും ഏത് അടിയന്തരാവസ്ഥയ്ക്കും തയ്യാറായിരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
Discussion about this post