തൃശൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരള കലാമണ്ഡലത്തിലെ മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും
പിരിച്ചുവിട്ടു. അധ്യാപകര്‍ മുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വരെയുള്ള 120 ഓളം താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഡിസംബര്‍ ഒന്നാം തീയതി മുതല്‍ ജീവനക്കാര്‍ ആരും ജോലിക്ക് വരേണ്ടതില്ല എന്ന് വ്യക്തമാക്കികൊണ്ട് കേരളകലാമണ്ഡലം വൈസ് ചാന്‍സിലര്‍ പിരിച്ചുവിടല്‍ ഉത്തരവിറക്കി.
ഒരു അധ്യായന വര്‍ഷത്തിന്റെ ഇടയ്ക്ക് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന സംഭവം ആദ്യമാണ്. കലാമണ്ഡലം ചരിത്രത്തില്‍ ആദ്യമായാണ് സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ പിരിച്ചുവിടുന്നത്.
കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ വിവിധ തസ്തികകളില്‍ ജീവനക്കാരുടെ ഒഴിവ് നികത്താത്തത് മൂലം കലാമണ്ഡലത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി നിയോഗിക്കപ്പെട്ട താല്‍ക്കാലിക അധ്യാപക – അനധ്യാപക ജീവനക്കാരെ നിയമിച്ചിരുന്നു.
എന്നാല്‍ പദ്ധതിയേതര വിഹിതത്തില്‍ നിന്നും ആവശ്യമായ തുക ലഭിക്കാത്തത് മൂലമാണ് നടപടിയെന്നാണ് വിശദീകരണം. ഒന്ന് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്ന മുഴുവന്‍ പേരും താല്‍ക്കാലിക അധ്യാപകരാണ്. ഇവരെ പിരിച്ചുവിടുന്നതോടെ കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റുന്ന അവസ്ഥയുണ്ടാകും.
Discussion about this post