നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ ലഹരി വേട്ട, രണ്ട് കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. രണ്ട് കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്.

സംഭവത്തില്‍ കോഴിക്കോട് സ്വദേശി ഫവാസിനെയാണ് കൊച്ചി കസ്റ്റംസ് പിടികൂടിയത്.7.92 കിലോ കഞ്ചാവുമായി ബാങ്കോക്കില്‍ നിന്ന് വന്ന എയര്‍ ഏഷ്യ വിമാനത്തിലാണ് ഫവാസ് കൊച്ചിയിലെത്തിയത്.

തുണികള്‍ക്കൊപ്പം 17 ബാഗുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഡിആര്‍ഐ കണ്ണൂര്‍ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കൊച്ചി കസ്റ്റംസ് യൂണിറ്റാണ് കഞ്ചാവ് പിടികൂടിയത്.

ഏറെ വീര്യമുള്ള ഹൈബ്രിഡ് കഞ്ചാവാണിത്. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Exit mobile version