“ഹിന്ദു ഭവനങ്ങള്‍ അലങ്കരിക്കപ്പെടേണ്ടത് ക്രിസ്മസ് സ്റ്റാറുകള്‍ ഉപയോഗിച്ചല്ല, മകര നക്ഷത്രങ്ങള്‍ കൊണ്ടെ”ന്ന് പരസ്യം, രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

പാലക്കാട്: സ്വകാര്യ കമ്പനിയുടെ പരസ്യത്തിനെതിരെ സന്ദീപ് ജി വാര്യർ രംഗത്ത്.ഹിന്ദുഭവനങ്ങള്‍ അലങ്കരിക്കേണ്ടത് ക്രിസ്മസ് നക്ഷത്രങ്ങള്‍ കൊണ്ടല്ല മകര നക്ഷത്രങ്ങള്‍ ഉപയോഗിച്ചാണെന്ന പരസ്യത്തിനെതിരെയായിരുന്നു സന്ദീപ് വാര്യർ പ്രതികരിച്ചത്.

ബഹുസ്വര സമൂഹത്തില്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കുന്നുവെന്നും ഒരുവശത്ത് ക്രൈസ്തവരെ ബിജെപിയോട് അടുപ്പിക്കാന്‍ വേണ്ടി നാടകം കളിക്കുന്നുവെന്നും മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നുവെന്നും സന്ദീപ് വാര്യർ പറഞ്ഞു.

ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വര്‍ഗീയമായി ചിത്രീകരിക്കുന്ന, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.

”ഹിന്ദു ഭവനങ്ങള്‍ അലങ്കരിക്കപ്പെടേണ്ടത് ക്രിസ്മസ് സ്റ്റാറുകള്‍ ഉപയോഗിച്ചല്ല. പവിത്രമായ മണ്ഡലകാലത്ത് അയ്യപ്പ സ്വാമിയുടെ ചിത്രം പതിച്ച മകര നക്ഷത്രങ്ങള്‍ ഉപയോഗിക്കൂ” എന്നായിരുന്നു പരസ്യം.

Exit mobile version