തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ അതിതീവ്രന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ കേരള തീരത്ത് ഇന്ന് മുതല്‍ നവംബര്‍ 30 വരെയും കേരള തീരത്ത് ഡിസംബര്‍ 1, 2 തീയതികളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും, കര്‍ണാടക തീരം- ലക്ഷദ്വീപ് പ്രദേശങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ എത്രയും വേഗം തന്നെ ആഴക്കടലില്‍ നിന്ന് തീരത്തേക്ക് മടങ്ങണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
വ്യാഴാഴ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ ചുഴലിക്കാറ്റായ ശേഷം അതി തീവ്രന്യൂന മര്‍ദ്ദമായി ശക്തി കുറയാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ അതിതീവ്രന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.
30/11/2024 വരെ തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.