ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം; പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തി, തൃശ്ശൂരില്‍ ഹോട്ടല്‍ അടപ്പിച്ചു

തൃശൂര്‍: തൃശ്ശൂരില്‍ ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവില്വാമല പാമ്പാടി ഗുരുതിയാന്‍ പറമ്പില്‍ ഷംസീര്‍, ഭാര്യ ഷഹാന എന്നിവര്‍ക്കാണ് ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് ഛര്‍ദ്ദി അനുഭവപ്പെട്ടത്.

തിരുവില്വാമല പിക് ആന്‍ഡ് മികസ് കഫെ ആന്‍ഡ് റസ്റ്റോറന്റില്‍നിന്നാണ് ഇവര്‍ ഷവര്‍മ കഴിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ റസ്റ്റോറന്റില്‍ ചോദ്യം ചെയ്യാനെത്തിയത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും നടത്തിയ പരിശോധനയില്‍ സ്ഥാപനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. സ്ഥാപത്തിന് ജല പരിശോധനയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നില്ല.

അടുക്കളയുടെ ഭാഗത്ത് എലികളെയും പാറ്റകളെയും കണ്ടെത്തുകയും ചെയ്തു. തീയതി കഴിഞ്ഞ പാല്‍ പാക്കറ്റ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുന്നതിനും പിഴ ഈടാക്കുന്നതിനും അധികൃതര്‍ നോട്ടീസ് നല്‍കി.

ഷവര്‍മയുടെയും മയോണൈസിന്റെയും സാമ്പിളുകള്‍ ശേഖരിച്ച് കാക്കനാട് ലാബിലേക്കു പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനുമതിയില്ലാതെ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനം നേരത്തെയും മൂന്നുതവണ അടച്ചിട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.

Exit mobile version