തൃശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ നാട്ടികയില്‍ ലോറി പാഞ്ഞ് കയറി അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ അന്തിമോപചാരം അര്‍പ്പിച്ച് മന്ത്രി എംബി രാജേഷ്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശം അനുസരിച്ചാണ് മന്ത്രി എംബി രാജേഷ് തൃശൂരിലെത്തിയത്.
മന്ത്രിക്കൊപ്പം ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും അന്തിമോപചാരം അര്‍പ്പിക്കാനെത്തി. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മെഡിക്കല്‍ കോളജ് – താലൂക്ക് ആശുപത്രി മോര്‍ച്ചറികളില്‍ മന്ത്രിയും ജില്ലാ കലക്ടറും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും മറ്റ് നടപടികള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ചികിത്സയില്‍ കഴിയുന്നവരെയും മന്ത്രിയും ജില്ലാ കലക്ടറും സന്ദര്‍ശിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു നാടിനെ ഒന്നടങ്കം നടുക്കിയ അപകടം സംഭവിച്ചത്. നാട്ടിക നാഷണല്‍ ഹൈവേ 66 ല്‍ ജെകെ സെന്ററിനു സമീപത്തുവെച്ചായിരുന്നു അപകടം.
വാഹനാപകടത്തില്‍ ചമ്മണാംതോട് നിവാസികളായ 5 പേരാണ് മരിച്ചത്. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാരി (20), ജീവന്‍ (4), വിശ്വ (1) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 6 പേര്‍ ചികിത്സയിലാണ്.
Discussion about this post