ആലപ്പുഴയില്‍ വഴിയില്‍ നില്‍ക്കുന്നതിനിടെ വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ആക്രമിച്ചു; പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്, അറസ്റ്റ്

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ വീട്ടമ്മക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയില്‍ രാജന്‍ ആണ് വീട്ടമ്മയെ ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയില്‍ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ആക്രമണം നടത്തുകയായിരുന്നു.

മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നയാളാണ് രാജന്‍. സംഭവത്തിന് പിന്നാലെ പ്രതിയെ തൃക്കുന്നപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. കോടാലി ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ വീട്ടമ്മ താഴെ വീണശേഷവും ആക്രമണം തുടര്‍ന്നു. നാട്ടുകാരെയും സ്ത്രീകളെയും ആക്രമിച്ചതിന് മുമ്പും പ്രതിയായ രാജനെതിരെ കേസെടുത്തിട്ടുണ്ട്.

ദിവസവും പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടുന്ന സ്ഥിരം കുറ്റവാളിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കോടാലിക്ക് മൂര്‍ച്ഛയില്ലാത്തതിനാലും മര്‍ദ്ദനത്തിനിടെ കോടാലിയുടെ പിടിയുടെ ഭാഗം മാത്രം ദേഹത്ത് കൊണ്ടതിനാലുമാണ് വീട്ടമ്മ രക്ഷപ്പെട്ടത്. വീട്ടമ്മയ്ക്ക് കാര്യമായ പരിക്കുകള്‍ ഇല്ല.

Exit mobile version