പന്തീരാങ്കാവ് പീഡനക്കേസ്: ‘തന്നെ മര്‍ദിച്ചു’; ഭര്‍ത്താവിനെതിരെ വീണ്ടും പരാതി നല്‍കി യുവതി, രാഹുല്‍ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഭര്‍ത്താവ് രാഹുലിനെതിരെ പരാതി നല്‍കി യുവതി. രാഹുല്‍ മര്‍ദിച്ചുവെന്ന് യുവതി പോലീസിനോട് പറസംഭവത്തില്‍ രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് യുവതിയെ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്.

അതേസമയം, നേരത്തെ, പരാതിയില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള യുവതി പോലീസെത്തിയപ്പോഴാണ് പരാതിയില്ലെന്ന് പറഞ്ഞത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗോപാലിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

കോഴിക്കോടേയ്ക്ക് വിവാഹം കഴിപ്പിച്ച് അയച്ച വടക്കന്‍ പറവൂര്‍ സ്വദേശിയായ യുവതിയാണ് ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ച് രംഗത്തെത്തിയത്. ഭര്‍ത്താവ് രാഹുല്‍ ഗോപാലിനെതിരെയാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍ പിന്നീട് യുവതി മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമുള്ള ഗാര്‍ഹിക പീഡന പരാതി എന്ന നിലയില്‍ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

കേസിലെ പ്രതിയായിരുന്ന രാഹുല്‍ ഗോപാല്‍, താനും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തു അതിനാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യയും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി രംഗത്ത് വന്നത്. അതുകൊണ്ട് തന്നെ ഭര്‍ത്താവിനെതിരായ കേസ് പിന്‍വലിക്കണം. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യം എന്നും അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി രാഹുല്‍ ഗോപാലിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കിയത്.

Exit mobile version