റിയാദ്: ഉംറക്കെത്തിയ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. സ്വകാര്യ ഗ്രൂപ്പ് വഴി ഉംറക്കെത്തിയ കാസര്‍കോട് മഞ്ചേശ്വരം കടമ്പാര്‍ സ്വദേശി കല്ലകാട്ട ഈസ (72) ആണ് ശനിയാഴ്ച രാവിലെ യാംബു ജനറല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ മരിച്ചത്.
രണ്ടാഴ്ച മുമ്പാണ് ഭാര്യയോടും ബന്ധുക്കളോടുമൊപ്പം ഈസ ഉംറക്കെത്തിയത്. മക്കയില്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മദീനയിലേക്കുള്ള യാത്രാവേളയില്‍ ചരിത്രസ്ഥലമായ ബദ്ര് സന്ദര്‍ശിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം ബദ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി യാംബു ജനറല്‍ ആശുപതിയില്‍ എത്തിക്കുകയായിരുന്നു.
10 ദിവസമായി തുടരുന്ന ചികിത്സക്കിടെയാണ് മരണം. ഭാര്യ റുഖിയ ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയിയിരുന്നു. യാംബു ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവിടെ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Discussion about this post