മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വ്യാപാരികളെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ കൂടി പോലീസ് പിടിയില്‍. ഗൂഢാലോചനയില്‍ പങ്കുള്ളവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാലു പേരെ കേസില്‍ അറസ്റ്റ് ചെയ്തെങ്കിലും കവര്‍ച്ച നടത്തിയ സ്വര്‍ണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
വ്യാഴാഴ്ചയാണ് വ്യാപാരികളെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണം പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷനില്‍ വെച്ച് കവര്‍ന്നത്. പിന്നാലെ വെള്ളിയാഴ്ച്ച രാവിലെ തൃശ്ശൂരില്‍ നിന്ന് സംഘത്തിലെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ വലിയ സംഘം തന്നെ പ്രവര്‍ത്തിച്ചുവെന്ന് തെളിഞ്ഞത്.
എന്നാല്‍ ഗൂഢാലോചനയിലെ പ്രധാനികള്‍ ഇപ്പോഴും പിടിയിലായിട്ടില്ല. പിടിയിലായവരില്‍ നിന്ന് കവര്‍ച്ച നടത്തിയ സ്വര്‍ണം എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അതിനിടയിലാണ് രണ്ടുപേരെ കൂടി കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.