മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങവെ കടലില്‍ വള്ളം മറിഞ്ഞ് അപകടം, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

death|bignewslive

വിഴിഞ്ഞം: കടലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ വേളി ടൂറിസ്റ്റ് വില്ലേജിന് സമീപം പൊഴിക്കരയില്‍ പരേതനായ രവീന്ദ്രന്റെയും മുല്ലമ്മയുടെയും മകന്‍ സതി ആണ് മരിച്ചത്.

നാല്‍പ്പത്തിയൊമ്പത് വയസ്സായിരുന്നു. മീന്‍പിടിത്തം കഴിഞ്ഞ് കരയിലേയ്ക്ക് മടങ്ങുന്നതിനിടെ ഇന്നുരാവിലെ പത്ത് മണിയോടെ വേളി പൊഴിക്കര ഗണപതി ക്ഷേത്രത്തിന് പടിഞ്ഞാറുള്ള കടലിലാണ് അപകടമുണ്ടായത്.

സതിയുടെ വള്ളത്തിന് പിന്നില്‍ വലിയ തിരമാലയടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ സതിയുടെ ഒപ്പമുണ്ടായിരുന്ന അമ്മാവന്റെ മകനായ സതീഷിനും (45) ഗുരുതര പരിക്കേറ്റു.

സതീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സതിയുടെ സഹോദരന്‍ രതീഷ്, ഇളയച്ഛന്‍ സുധാകരന്‍ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

സതിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനാണ്. സംഭവത്തില്‍ വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് കേസെടുത്തു.

Exit mobile version