തിരുവനന്തപുരം: സീരിയല്‍ മേഖലയില്‍ നിന്നും തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. കുട്ടികളിലടക്കം ഉള്ളവരില്‍ തെറ്റായ സന്ദേശങ്ങള്‍ എത്തുന്നുണ്ടെന്നും സതീദേവി പറഞ്ഞു.
സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ആവശ്യമാണ്. 2017-18 കാലത്താണ് മെഗാ സീരിയലുകള്‍ നിരോധിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ആ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും സീരിയല്‍ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയല്‍ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു.
സീരിയലുകളിലെ അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ എത്രത്തോളം ആവശ്യമുണ്ടെന്ന് പരിശോധിക്കണം. നല്ല സന്ദേശങ്ങള്‍ സമൂഹത്തിന് എത്തിക്കുന്ന സീരിയലുകളാണ് ആവശ്യമെന്നും സീരിയലുകള്‍ നിരോധിക്കാന്‍ കമ്മിഷന്‍ വിചാരിച്ചാല്‍ കഴിയുന്ന കാര്യമല്ലെന്നും അവര്‍ വ്യക്തമാക്കി.