പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യരുമായി ഒന്നിച്ച് വേദി പങ്കിട്ട് കെ മുരളീധരന്‍. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശത്തില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് മുരളീധരന്‍ ഒന്നിച്ച് ഒരു വേദിയിലെത്തിയത്.
സന്ദീപ് വാര്യരും കെ മുരളീധരനും ശ്രീകൃഷ്ണപുരത്തെ പൊതുയോഗത്തിലാണ് ഒരുമിച്ച് പങ്കെടുത്തത്. സന്ദീപിനെ ഷാള്‍ അണിയിച്ച് മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുകയും ചെയ്തു.
സന്ദീപുമായി ഒന്നിച്ച് വേദി പങ്കിടാനായത് ഇരട്ടിമധുരമമെന്നും തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടി സന്ദീപിനൊപ്പം ഉണ്ടാവുമെന്നും കെ മുരളീധരന്‍ പ്രസംഗത്തിനിടെ പറഞ്ഞു.
‘ അദ്ദേഹം പാര്‍ട്ടിയുടെ ഒരു അസറ്റായി നില്‍ക്കും. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. അതില്‍ കൂടുതല്‍ ഞങ്ങള്‍ക്കൊന്നും ആവശ്യമില്ല. കാരണം ഇന്ത്യയുടെ പ്രതീക്ഷയാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന് പിന്തുണ നല്‍കിയ അന്നുമുതല്‍ അദ്ദേഹത്തെ ഞങ്ങള്‍ ചേര്‍ത്തുപിടിച്ചു.” എന്ന് മുരളീധരന്‍ പറഞ്ഞു.
”ഞാന്‍ ചില കാര്യങ്ങള്‍ തുറന്നുപറയുന്ന ആളാണ്. തുറന്നുപറഞ്ഞാലും പാര്‍ട്ടി തീരുമാനം അംഗീകരിക്കുകയാണ് എന്റെ രീതി. സന്ദീപ് വാര്യര്‍ പൂര്‍ണമായി കോണ്‍ഗ്രസായി മാറി. അദ്ദേഹത്തെ ചേര്‍ത്ത് പിടിക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ്. സന്ദീപ് വാര്യര്‍ വന്നതോടെ ഞങ്ങളുടെ കുടുംബത്തിന് ഒരു കരുത്തുകൂടി കിട്ടി’- കെ മുരളീധരന്‍ പറഞ്ഞു.
ആന, കടല്‍, മോഹന്‍ലാല്‍, കെ മുരളീധരന്‍ മലയാളികള്‍ക്ക് എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഈ നാലുപേരും മലയാളികള്‍ എപ്പോഴും മനസില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ്. മുരളീധരന്‍ വരുമെന്ന് അറിഞ്ഞപ്പോള്‍ താനാണ് കാണണമെന്ന് പറഞ്ഞതെന്ന് സന്ദീപ് പറഞ്ഞു.