കൊച്ചി: ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണ കേസില്‍ അറസ്റ്റിലായ കുറുവാ സംഘത്തില്‍പ്പെട്ട സന്തോഷ് സെല്‍വത്തിനായി ഇന്ന് അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഇന്നലെ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
മണ്ണഞ്ചേരിയില്‍ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എറണാകുളം കുണ്ടന്നൂര്‍ പാലത്തിന് താഴെ നിന്നും പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡി വൈ എസ് പി മധു ബാബുവാണ് വ്യക്തമാക്കിയത്.
പ്രതിയായ സന്തോഷ് സെല്‍വത്തിന്റെ നെഞ്ചില്‍ പച്ച കുത്തിയതാണ് തിരിച്ചറിയാന്‍ നിര്‍ണായക തെളിവായതെന്നും അദ്ദേഹം വിവരിച്ചിരുന്നു.
അതേസമയം എറണാകുളം കുണ്ടന്നൂരില്‍ നിന്നും സന്തോഷിനൊപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. ഇയാള്‍ക്ക് കുറുവാ സംഘവുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അന്വേഷിച്ചുവരികയാണ്.
കുറുവാ സംഘത്തില്‍പ്പെട്ട 14 പേരാണ് കേരളത്തിലെത്തിയതെന്നും കേരളത്തിലെ മോഷണത്തിന് പിന്നിലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സന്തോഷില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ നിന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കേരളത്തില്‍ എട്ടു കേസുകള്‍ അടക്കം മുപ്പതോളം കേസുകളില്‍ പ്രതിയാണ് സന്തോഷ്. ആലപ്പുഴ ഡി വൈ എസ് പി എംആര്‍ മധു ബാബുവിന്റെ നേതൃത്വത്തില്‍ 7 അംഗ സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് കുറുവ മോഷണക്കേസ് അന്വേഷിക്കുന്നത്.