തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികളെത്തി. കര്‍ണാടകയിലെ ശിവമോഗ മൃഗശാലയില്‍ നിന്നാണ് കുറുക്കനും മുതലയും കഴുതപ്പുലിയും അടക്കമുള്ള മൃഗങ്ങളെ കൊണ്ടുവന്നത്. മൂന്ന് കഴുതപ്പുലി, രണ്ട് മഗര്‍ മുതല, രണ്ട് കുറുക്കന്‍, മരപ്പട്ടി രണ്ടെണ്ണം- ഇത്രയുമാണ് ഷിമോഗയില്‍ നിന്ന് എത്തിയ അതിഥികള്‍.
കര്‍ണാടകയില്‍ നിന്ന് മൃഗങ്ങളുമായി പുറപ്പെട്ട വാഹനം ഇന്നലെ രാവിലെ പത്തരയോടെ തിരുവനന്തപുരം മൃഗശാലയില്‍ എത്തി. പിന്നീട് ഓരോരുത്തരായി കൂട്ടിലേക്ക്. അടുത്തിടെ പണി കഴിപ്പിച്ച ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കാണ് പുതിയ അതിഥികളെ മാറ്റിയത്. മരുന്നും ഭക്ഷണവും എല്ലാം നല്‍കി 21 ദിവസത്തിനുശേഷം കാഴ്ചക്കാര്‍ക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് വിടും.
ഇവിടെ നിന്ന് തിരിച്ചും മൃഗങ്ങളെ കൈമാറിയിട്ടുണ്ട്. മുള്ളന്‍ പന്നി, ചീങ്കണ്ണി, കഴുതപ്പുലി, സണ്‍ കോണിയൂര്‍ തത്ത എന്നിവയെ ശിവമോഗയിലേക്ക് കൈമാറും. അനിമല്‍ എക്‌സ്‌ചേഞ്ച് പരിപാടിയുടെ ഭാഗമായി കൂടുതല്‍ മൃഗങ്ങളെ എത്തിക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.