ആലപ്പുഴ: കുറുവാ സംഘത്തിന്റെ ഭീതിയില്‍ ആലപ്പുഴ മണ്ണഞ്ചേരിയിലെ നാട്ടുകാര്‍. രണ്ടാഴ്ച്ചക്കിടെ നാല് വീടുകളിലാണ് കുറുവാ സംഘം മോഷണം നടത്തിയത്. ആക്രമിക്കാന്‍ പോലും മടിയില്ലാത്ത മോഷ്ടാക്കള്‍ക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
മാരകായുധങ്ങളുമായെത്തി അടുക്കള വാതില്‍ പൊളിച്ച് മോഷണം നടത്തുന്ന കുറുവാ സംഘം ചൊവ്വാഴ്ച മാത്രം മൂന്ന് വീടുകളിലാണ് കയറിയത്. ആദ്യം കുഞ്ഞുമോന്റ വീട്ടില്‍. വീടിന് പിന്‍വശത്തെ ഇരുമ്പ് വാതില്‍ തുറന്ന ശേഷം, അടുക്കള വാതില്‍ കുത്തിത്തുറന്നു.
പിന്നീട് മുറിയിലെത്തി മാലയും പണമടങ്ങിയ പഴ്സുമായി രക്ഷപെടുകയായിരുന്നു. രാജന് എന്നയളുടെ വീട്ടിലുമെത്തിയ കുറുവാ സംഘം വാതില്‍ പൊളിക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ വ്യക്തമായി കാണാം.
ആലപ്പുഴ നോര്‍ത്ത്, മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയിലാണ് കുറുവാ സംഘം കറങ്ങി നടക്കുന്നത്. പോലീസും ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇവരെ പിടികൂടാന്‍ ജില്ലാ പോലീസ് മേധവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെയും സംഘടനകളുടെയുമെല്ലാം സഹായത്തോടെ പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ജാഗ്രത പാലിക്കാനും നിര്‍ദേശം നല്കി. ആക്രമിക്കാന്‍ പോലും മടിയില്ലാത്ത കുറുവാ സംഘത്തെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.