ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ തിരക്കി ഫ്‌ലാറ്റിലെത്തി; മലയാളി ദമ്പതികള്‍ സൗദിയില്‍ മരിച്ച നിലയില്‍

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ ചിതറ ചിതറ ഭജനമഠം പത്മവിലാസത്തില്‍ ശരത്തും (40) ഭാര്യ കൊല്ലം സ്വദേശി പ്രീതിയെയുമാണ് (32) അല്‍ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ചയാണ് സംഭവം.

ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ഫ്‌ലാറ്റിലെത്തുകയായിരുന്നു. ആ സമയമാണ് മുറിയില്‍ ശരത് തൂങ്ങിനില്‍ക്കുന്ന നിലയിലും പ്രീതി തറയില്‍ മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തിയത്. പൂട്ടിയ നിലയിലായിരുന്ന ഫ്‌ലാറ്റില്‍ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്ത് കയറി നോക്കുമ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ ബുറൈദ സെന്‍ട്ര ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണ കാരണങ്ങളൊന്നും വ്യക്തമല്ല. ദീര്‍ഘകാലമായി ഉനൈസയില്‍ ഇലക്ട്രിക് പ്ലമ്പിങ് ജോലി ചെയ്തിരുന്ന ശരത് നാലു വര്‍ഷം മുമ്പാണ് പ്രീതയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്പാണ് സൗദിയിലേക്ക് കൊണ്ടുവന്നത്.

Exit mobile version