കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ചാണ് പ്രിയങ്കക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
പ്രിയങ്കക്കെതിരെ എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് കോണ്‍ഗ്രസ് പ്രചാരണമെന്നും പരാതിയില്‍ പറയുന്നു.
പള്ളിക്കുന്ന് ദേവാലയത്തില്‍ എത്തിയ പ്രിയങ്ക അവിടെ നിന്ന വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളുമെടുത്ത് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് എല്‍ഡിഎഫിന്റെ പരാതിയില്‍ പറയുന്നു.
വയനാട് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, ടി സിദ്ദിഖ് എംഎല്‍എ എന്നിവരും യുഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.ഈ മാസം പത്താംതീയതിയാണ് പ്രിയങ്ക പള്ളിക്കുന്ന് ദേവാലയത്തില്‍ എത്തിയത്.