ന്യൂഡല്‍ഹി: ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ ബലാത്സംഗക്കേസില്‍ പ്രതിയാക്കിയത് എന്ന് നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആരോപിച്ചത്.
പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുകയാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുകയാണെന്നും ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.
പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന് നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് സിദ്ദിഖിന്റെ ആരോപണം. പൊലീസ് തനിക്കെതിരെ മാധ്യമവിചാരണയ്ക്ക് അവസരം ഒരുക്കുകയാണെന്ന് സിദ്ദിഖ് പറയുന്നു.
ഡബ്ല്യുസിസി അംഗം എന്ന നിലയില്‍ ഹേമ കമ്മിറ്റി മുമ്പാകെ തനിക്കെതിരെ പരാതിയോ മറ്റോ പരാതിക്കാരിയായ നടി ഉന്നയിച്ചിട്ടില്ല. നീതിക്ക് നിരക്കാത്ത കാര്യങ്ങളാണ് പൊലീസ് നടത്തുന്നതെന്നും സിദ്ദിഖ് ആരോപിക്കുന്നു. അതേസമയം, ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് നാളെ കേസ് പരിഗണിക്കും.