വയനാട്: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ ഭക്ഷ്യവിഷബാധയെന്ന് പരാതി. മൂന്ന് കുട്ടികള്‍ക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരില്‍ ഒരാളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റി.
ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യ കിറ്റിലെ സോയാബീന്‍ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പരാതി. ഏഴു വയസ്സുള്ള ഒരു കുട്ടിയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
വിവരമറിഞ്ഞ് മന്ത്രി പി.പ്രസാദ് താലൂക്ക് ആശുപത്രിയിലെത്തി. മന്ത്രിയെ കണ്ട് കുട്ടിയുടെ അമ്മ വിതുമ്പി കരഞ്ഞു. കുഞ്ഞിന്റെ ഭക്ഷ്യവിഷബാധയില്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് ചിലര്‍ പറയുന്നുവെന്ന് കുട്ടിയുടെ അമ്മ മന്ത്രിയോട് പറഞ്ഞു. ഭീഷണിയുണ്ടെങ്കില്‍ അറിയിക്കണമെന്നും ഒപ്പമുണ്ടെന്നും മന്ത്രി കുട്ടിയുടെ അമ്മയോട് പറഞ്ഞു.
ഭക്ഷണസാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പി പ്രസാദ് പ്രതികരിച്ചു. കളക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ഗുണനിലവാര പരിശോധന നടത്താന്‍ എല്ലാ സംവിധാനങ്ങളും നിലവിലുണ്ട്. കിറ്റിനകത്തെ ഭക്ഷണ സാമഗ്രികളുടെ പ്രശ്‌നമാണെങ്കില്‍ ഗൗരവതരമാണ്. ആരുടെ വീഴ്ചയാണെന്നതില്‍ പരിശോധന വേണമെന്നും മന്ത്രി പറഞ്ഞു.