കല്‍പ്പറ്റ: വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥിയായിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ സംഘടനയുടെ നിലപാട് ജനാധിപത്യത്തിനു നിരക്കുന്നതാണോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വയനാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ മത നിരപേക്ഷ മുഖം മൂടി പൂര്‍ണമായും അഴിഞ്ഞു വീഴുകയാണെന്ന് മുഖ്യമന്ത്രി കുറിപ്പില്‍ ആരോപിച്ചു.
”എന്താണ് കോണ്‍ഗ്രസ്സിന്റെ നിലപാട്? നമ്മുടെ രാജ്യം ജമാ അത്തെ ഇസ്ലാമിയെ പരിചയമില്ലാത്ത രാജ്യമല്ലല്ലോ. ആ സംഘടനയുടെ നിലപാട് ജനാധിപത്യത്തിനു നിരക്കുന്നതാണോ? ജമാ അത്തെ ഇസ്ലാമി രാജ്യത്തേയും രാജ്യത്തിന്റെ ജനാധിപത്യത്തേയും പ്രധാനമായി കാണുന്നില്ല. രാജ്യത്തിന്റെ ഭരണക്രമത്തെ കണക്കിലെടുക്കുന്നില്ല. വെല്‍ഫയര്‍ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നത് ഒരു മറയാണ്. ആ മറയാണ് ജമ്മു കശ്മീരില്‍ കണ്ടത്.”- മുഖ്യമന്ത്രി പോസ്റ്റില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
കോണ്‍ഗ്രസ്സിന്റെ മത നിരപേക്ഷ മുഖം മൂടി പൂര്‍ണ്ണമായും അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് വയനാട് ഉപതെരഞ്ഞെടുപ്പിലേത്. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായിട്ടാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത്. എന്താണ് കോണ്‍ഗ്രസ്സിന്റെ നിലപാട്? നമ്മുടെ രാജ്യം ജമാ അത്തെ ഇസ്ലാമിയെ പരിചയമില്ലാത്ത രാജ്യമല്ലല്ലോ. ആ സംഘടനയുടെ നിലപാട് ജനാധിപത്യത്തിനു നിരക്കുന്നതാണോ?
ജമാ അത്തെ ഇസ്ലാമി രാജ്യത്തേയും രാജ്യത്തിന്റെ ജനാധിപത്യത്തേയും പ്രധാനമായി കാണുന്നില്ല. രാജ്യത്തിന്റെ ഭരണക്രമത്തെ കണക്കിലെടുക്കുന്നില്ല. വെല്‍ഫയര്‍ പാര്‍ടി രൂപീകരിച്ച് രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നത് ഒരു മറയാണ്. ആ മറയാണ് ജമ്മു കശ്മീരില്‍ കണ്ടത്. ജമ്മു കശ്മീരില്‍ ഇതുവരെ തെരഞ്ഞെടുപ്പിനെ ശക്തമായി എതിര്‍ത്തു പോവുകയായിരുന്നു ജമാ അത്തെ ഇസ്ലാമി. കടുത്ത വര്‍ഗീയ നിലപാടുകള്‍ സ്വീകരിച്ചു പോവുകയായിരുന്നു. ഇപ്പോള്‍ അവര്‍ ബിജെപിയ്ക്ക് വേണ്ടിയാണ് നിലകൊണ്ടത്.
അവിടെ മൂന്നു നാലു സീറ്റില്‍ ഇത്തവണ മത്സരിക്കാന്‍ അവര്‍ തീരുമാനിച്ചു. അവസാനം സിപിഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി മത്സരിക്കുന്ന സീറ്റില്‍ കേന്ദ്രീകരിച്ചു. ജമ്മു കശ്മീരിലെ ജമാ അത്തെ ഇസ്ലാമിക്കാര്‍ മുഴുവനും അവിടെ കേന്ദ്രീകരിച്ചു. ഉദ്ദേശം തരിഗാമിയെ പരാജയപ്പെടുത്തണം എന്നതായിരുന്നു.
ബിജെപിയും ആഗ്രഹിച്ചത് അതാണ്. അവിടെയുള്ള തീവ്രവാദികളും ബിജെപിയും ഒരേ കാര്യം ആഗ്രഹിച്ചു. പക്ഷേ, തരിഗാമിയെത്തന്നെ ജനങ്ങള്‍ തെരഞ്ഞെടുത്തു. അവിടത്തെ ജമാ അത്തെ ഇസ്ലാമിയും തങ്ങളും രണ്ടാണേ എന്ന് ഇവിടത്തെ ജമാ അത്തെ ഇസ്ലാമിക്കാര്‍ പറയുന്നുണ്ട്. ജമാ അത്തെ ഇസ്ലാമിക്ക് ഒരു നയമേയുള്ളൂ. ഒരു തരത്തിലുള്ള ജനാധിപത്യ ഭരണക്രമത്തേയും അവര്‍ അംഗീകരിക്കുന്നില്ല. അതാണ് അവരുടെ ആശയം. അവര്‍ക്കിപ്പോള്‍ യുഡി എഫിനെ സഹായിക്കണമെന്ന് തോന്നുന്നു.
മതനിരപേക്ഷതയുടെ ഭാഗത്ത് നില്‍ക്കുന്നവര്‍ക്ക് എല്ലാത്തരം വര്‍ഗീയതകളെയും അടിയുറച്ച് എതിര്‍ക്കാന്‍ കഴിയണ്ടേ? കോണ്‍ഗ്രസിനു അതിനു കഴിയുന്നുണ്ടോ? മുസ്ലിം ലീഗ് അടക്കമുള്ളവര്‍ ചില ‘ത്യാഗങ്ങള്‍’ സഹിച്ചാണ് കോണ്‍ഗ്രസ്സ് -ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിനോടൊപ്പം നില്‍ക്കുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ട എന്ന് പറയാന്‍ കോണ്‍ഗ്രസിനു സാധിക്കുമോ? കോണ്‍ഗ്രസിന്റെ ഉത്തരവാദപ്പെട്ടവര്‍ക്ക് ആ ആര്‍ജ്ജവം എന്തെന്ന് മനസ്സിലാക്കണമെങ്കില്‍ ഒരു ഘട്ടത്തില്‍ സഖാവ് ഇ എം എസ് പരസ്യമായി പ്രഖ്യാപിച്ച കാര്യം ഓര്‍ക്കണം. തലശ്ശേരിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇ എം എസ് പരസ്യമായി പറഞ്ഞു ‘ഞങ്ങള്‍ക്ക് ആര്‍ എസ് എസിന്റെ വോട്ട് വേണ്ട!. കോണ്‍ഗ്രസ്സിന് അത്തരം ഒരു നിലപാട് എടുക്കാന്‍ കഴിയുമോ?
Discussion about this post