കൊച്ചി: മുനമ്പം വഴി മനുഷ്യക്കടത്ത് നടന്നതായി സംശയം. മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടക്കം നാല്‍പതോളം പേര്‍ ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ടതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ബോട്ട് ണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു.
മാല്യങ്കര കടവില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചത്. കഴിഞ്ഞദിവസമാണ് മാല്യങ്കരയിലെ ബോട്ട് കടവില്‍നിന്ന് എട്ട് ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബാഗുകള്‍ പരിശോധിച്ചപ്പോള്‍ വസ്ത്രങ്ങളും മരുന്നുകളും മൂന്ന് വിമാനടിക്കറ്റുകളും കണ്ടെത്തി. പിന്നീട് ഇതേക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ചെറായി മേഖലയിലെ റിസോര്‍ട്ടുകളിലും ലോഡ്ജുകളിലുമായി സ്ത്രീകളും കുട്ടികളും അടക്കം 43 പേര്‍ താമസിച്ചിരുന്നു. ഇതില്‍ 40 പേര്‍ കഴിഞ്ഞ അഞ്ചാം തീയതി ഡല്‍ഹിയില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കൊച്ചിയിലെത്തിയത്. ബാക്കി മൂന്നുപേര്‍ എട്ടാം തീയതി വിമാനത്തിലും നഗരത്തിലെത്തി. ഇവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടില്‍ പരിശോധന നടത്തിയ പോലീസ് സംഘം ഉപേക്ഷിച്ച ബാഗുകളും തിരിച്ചറിയല്‍രേഖകളും കണ്ടെടുത്തു.
ശനിയാഴ്ച കൂടുതല്‍ ഇന്ധനമടിച്ച് തീരത്ത് നിന്ന് പുറപ്പെട്ട ബോട്ടിലാണ് ഇവരെ കടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ബോട്ട്. 27 ദിവസമെടുത്താണ് ബോട്ട് ഓസ്‌ട്രേലിയയിലെത്തുന്നത്.
രാജ്യാന്തര ബന്ധമുള്ള മനുഷ്യക്കടത്ത് സംഘമാണ് ഇതിന് പിന്നില്‍ എന്ന് പോലീസ് പറയുന്നു. മുനമ്പത്ത് നിന്ന് മത്സ്യബന്ധന ബോട്ടുകളില്‍ പോയവര്‍ക്ക്, ഇന്ധനവും ഭക്ഷണവും ഫീഡര്‍ ബോട്ടുകളില്‍ എത്തിക്കാനുള്ള സൗകര്യവും മനുഷ്യക്കടത്തുകാര്‍ ഏര്‍പ്പെടുത്തും.
ഓസ്‌ട്രേലിയയില്‍ അനധികൃതമായി എത്തുന്നവരെ കുടിയേറ്റക്കാരായി കരുതുമെന്നതാണ് ഇവിടേക്ക് അഭയാര്‍ഥികളെ ആകര്‍ഷിക്കുന്നത്. മനുഷ്യക്കടത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.