കൊച്ചി: ട്രെയിനുകളില്‍ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍. പത്തനംതിട്ട കോയിപ്പുറം സ്വദേശിയായ ഹരിലാലാണ് പോലീസിന്റെ പിടിയിലായത്. പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ ബോംബ് വെച്ചെന്നായിരുന്നു സന്ദേശം.
പെരുമ്പാവൂരില്‍ നിന്നാണ് പ്രതി ഹരിലാലിനെ പോലീസ് പിടികൂടിയത്. മദ്യ ലഹരിയിലാണ് ഇയാള്‍ വ്യാജ ഭീഷണി മുഴക്കിയതെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി കൊലപാതക ശ്രമം അടക്കം 10 ഓളം കേസുകളുണ്ട്. പ്രതിയെ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറും.
ഇന്നലെ രാവിലെ ഇയാള്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചിരുന്നു. തന്റെ കാശ് മുഴുവന്‍ പോയെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പോലീസ് അന്വേഷിച്ചപ്പോഴാണ് കാശ് പോയിട്ടില്ലെന്നും മദ്യലഹരിയിലാണെന്നും അറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ യാത്ര ചെയ്യുന്നതിനിടെയാണ് മൂന്ന് ട്രെയിനുകളില്‍ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തുന്നത്.
പോലീസ് ആസ്ഥാനത്ത് വിളിക്കുന്നതിന് മുമ്പ് ഇയാള്‍ കൊച്ചി കണ്‍ട്രോള്‍ റൂമിലും വിളിച്ചിരുന്നു. സൗത്ത് റെയില്‍വേ സ്റ്റേഷനിലെ തട്ടുകടയില്‍ ജോലിക്ക് വന്നയാളാണ് ഹരിലാല്‍ എന്നാണ് വിവരം. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി ട്രെയിനുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. സന്ദേശത്തെ തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.