ലിമ: ഫുട്ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം. പറുവിന്റെ തലസ്ഥാനമായ ലിമയില്‍ നിന്ന് 70 കിലോമീറ്റര്‍ മാറിയാണ് സംഭവം. അപകടത്തില്‍ സഹകളിക്കാരായ നാലുപേര്‍ക്ക് പരിക്കേറ്റു.
പ്രതിരോധനിര താരമായ ഫ്യൂഗോ ഡി ലാ ക്രൂസ് (39) എന്നയാളാണ് മരിച്ചത്. പ്രാദേശിക ഫുട്ബോള്‍ മത്സരത്തിനിടെയായിരുന്നു സംഭവം. ഞായറാഴ്ച പെറുവിലെ ചില്‍കയിലുള്ള സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
യുവെന്റൂഡ് ബെലാവിസ്തയും ഫാമിലിയ ചോക്കയും തമ്മിലുള്ള മത്സരത്തിന്റെ 22-ാം മിനിട്ടിലാണ് ഗ്രൗണ്ടില്‍ ഇടിമിന്നല്‍ പതിച്ചത്.
കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചതിനാല്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മിന്നലേറ്റ് താരങ്ങള്‍ കൂട്ടത്തോടെ മുഖമിടിച്ച് ഗ്രൗണ്ടില്‍ പതിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
ഇടിമിന്നലിന് പിന്നാലെ ചെറിയ തീഗോളം രൂപപ്പെടുന്നതും പുക ഉയരുകയും ചെയ്തു. മിന്നലേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഫ്യൂഗോയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Discussion about this post