കോഴിക്കോട്: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുകയായിരുന്ന വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ എരഞ്ഞിപ്പാലത്താണ് സംഭവം.
രാരിച്ചന്‍ റോഡ് വലിയപറമ്പത്ത് പിപി വില്ലയില്‍ വിലാസിനി ആണ് മരിച്ചത്. അറുപത്തിരണ്ട് വയസ്സായിരുന്നു. എരഞ്ഞിപ്പാലം ജംഗ്ഷനില്‍ വെച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടമുണ്ടായത്.
വിലാസിനിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹോദരന് ഗോപിക്കൊപ്പം ബൈക്കില്‍ എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. അതിനിടെ ബൈക്കില്‍ ബസ്സിടിക്കുകയായിരുന്നു.
മലാപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സിറ്റി ബസ്സാണ് അപകടമുണ്ടാക്കിയത്. റോഡിലേക്ക് തെറിച്ചുവീണ വിലാസിനിയുടെ തലയിലൂടെ ഇതേ ബസിന്റെ ടയര്‍ കയറിയിറങ്ങി. സംഭവസ്ഥലത്ത് വെച്ചുതന്നെ വിലാസിനി മരിച്ചു.
മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അയ്യപ്പന്-ജാനു ദമ്പതികളുടെ മകളാണ് അവിവാഹിതയായ വിലാസിനി. മറ്റു സഹോദരങ്ങള്‍: ശോഭന, രാജന്, ബാബു, ബേബി, അജിത, അനിത.
Discussion about this post