ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍, ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി വെള്ളിയാഴ്ച പുറപ്പെടുവിക്കും. ദിവ്യയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് വാദിച്ചു.

എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന് ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചു. കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുണ്ടെന്നും തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞുവെന്ന ജില്ലാ കലക്ടറുടെ മൊഴിയും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

തെറ്റുപറ്റിയെന്ന് പറയുന്നത് കൈക്കൂലി അല്ലാതെ മറ്റെന്താണ്. വെറുതെ പറ്റിപ്പോയി എന്ന് ആരെങ്കിലും പറയുമോ എന്നും നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ ടി വി പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ടെന്നും പ്രശാന്തന്റെ സസ്പെന്‍ഷന്‍ ഉത്തരവും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

അതേസമയം, ദിവ്യയുടെ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ജാമ്യം നല്‍കിയാല്‍ പി പി ദിവ്യ സാക്ഷികളെ സ്വാധീനിക്കുമെന്നും എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണത്തില്‍ തെളിവില്ലെന്നും ഫോണ്‍ രേഖകള്‍ കൈക്കൂലിക്ക് തെളിവല്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Exit mobile version