കൊച്ചി: പാലാ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സി വി ജോണ്‍ ആണ് മാണി സി കാപ്പന്റെ വിജയം ചോദ്യം ചെയ്തുകൊണ്ട് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
ആരോപണത്തിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി ജയചന്ദ്രന്‍ ഹര്‍ജി തള്ളിയത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു സി വി ജോണ്‍.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജനപ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പണം ചെലവാക്കി, സ്ഥാനാര്‍ത്ഥിത്വത്തിന് ആവശ്യമായ രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയില്ല തുടങ്ങിയ ആരോപണങ്ങളാണ് സി വി ജോണ്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.
റിട്ടേണിങ് ഓഫീസര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. അതേസമയം, കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു.