ഔദ്യോഗിക കൃത്യനിര്‍വഹണം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം: എക്‌സൈസ് വനിതാ ഓഫീസര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിര്‍വഹണം കഴിഞ്ഞ് മടങ്ങുകയായിരുന്ന എക്‌സൈസ് വനിതാ ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. തിരുമല വേട്ടമുക്ക് ലക്ഷ്മി നഗര്‍ റസിഡന്‍സ് ടിസി 08/1765ല്‍ എന്‍ ഷാനിദ(37) ആണ് മരിച്ചത്.

എക്‌സൈസ് തിരുവനന്തപുരം റേഞ്ച് ഓഫിസിലെ (മണ്ണന്തല) വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായിരുന്നു. ഷാനിദ സഞ്ചരിച്ച സ്‌കൂട്ടര്‍ പാറ്റൂരിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞതിനു പിന്നാലെ കാര്‍ വന്നിടിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി 10.30ന് പാറ്റൂരിലെ പള്ളി സെമിത്തേരിക്കു സമീപമായിരുന്നു അപകടമുണ്ടായത്. പേട്ട സ്വദേശിനി നല്‍കിയ പരാതി അന്വേഷിച്ച് വീട്ടിലേക്കു മടങ്ങവെയാണ് അപകടമുണ്ടായത്. ജനറല്‍ ആശുപത്രി ഭാഗത്തേക്കു പോകുന്നതിനിടെ സ്‌കൂട്ടര്‍ ഡിവൈറില്‍ ഇടിച്ചുകയറി എതിര്‍ ദിശയിലുള്ള വീഴുകയായിരുന്നു. ഈ സമയം ജനറല്‍ ആശുപത്രി ഭാഗത്തുനിന്നു വന്ന കാര്‍ ഇടിച്ചു കയറി.
തെറിച്ചുവീണു പരുക്കേറ്റ ഷാനിദയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version