ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

rain| bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായാണ് മഴ ലഭിക്കുക.

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നി തെക്കന്‍ ജില്ലകളിലും കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നി വടക്കന്‍ ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായും തെക്കു കിഴക്കന്‍ അറബിക്കടലിലുമാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്.

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കന്‍ തമിഴ്നാട് വരെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നു. അതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

Exit mobile version