‘എല്ലാം അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ, മാനസിക വിഷമം ഉണ്ടായെങ്കില്‍ സന്ദീപുമായി സംസാരിച്ച് പരിഹാരം കാണും’; സി കൃഷ്ണകുമാര്‍

sandeep varrier

പാലക്കാട്: മാനസിക വിഷമം ഉണ്ടായിട്ടുള്ള കാര്യങ്ങളുണ്ടെങ്കില്‍ സന്ദീപുമായി സംസാരിച്ച് പരിഹാരം കാണുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. തന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ അതും പരിഹരിക്കുമെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

തനിക്ക് പാര്‍ട്ടിയില്‍ നിന്നും നിരവധി അപമാനങ്ങള്‍ ഏറ്റെന്നും, അപമാനിക്കപ്പെട്ട സ്ഥലത്ത് പ്രചാരണത്തിനായി പോകില്ലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. കൃഷ്ണകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

ഇതില്‍ പ്രതികരിച്ച് രംഗത്ത് എത്തിയതായിരുന്നു കൃഷ്ണകുമാര്‍. സഹപ്രവര്‍ത്തകന് മാനസിക വിഷമമുണ്ടായാല്‍ ഇടപെടേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

സാധാരണ പ്രവര്‍ത്തകനായി ബൂത്ത് തലം മുതല്‍ പോസ്റ്റര്‍ ഒട്ടിച്ച് വളര്‍ന്നവനാണ് താന്‍. പാലക്കാട്ടെ സാധാരണ പ്രവര്‍ത്തകരോടൊപ്പം ഇന്നുമുള്ളവനാണ്. ബിജെപിയുടെ ഒരു പ്രവര്‍ത്തകനും അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നും ഓരോ പ്രവര്‍ത്തകനുമൊപ്പം ബിജെപിയുടെ നേതൃത്വവും സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവുമൊക്കെയുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

സന്ദീപ് വാര്യരുടെ അമ്മ മരിച്ചപ്പോള്‍ താന്‍ സ്ഥലത്തുണ്ടായിരുന്നില്ല. വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ താന്‍ നേരിട്ട് ഫോണില്‍ വിളിച്ചതാണെന്നും വിളിച്ചിരുന്നില്ലെന്നത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു.

Exit mobile version