തിരുവനന്തപുരം: വീടിന്റെ ടെറസില്‍ തുണി വിരിക്കാന്‍ കയറിയ യുവതിക്ക് മിന്നലേറ്റു. അവണാക്കുഴി ഊറ്റുകുഴി സുജാത ഭവനില്‍ ശശിധരന്റെ മകള്‍ ഐശ്വര്യ ശശിധരനാണ് (25) പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. തുണി വിരിക്കാന്‍ കയറിയപ്പോഴാണ് മിന്നലേറ്റത്.
കഴുത്തിനും മറ്റ് ശരീര ഭാഗത്തും പൊള്ളലേറ്റു. ഇതിനിടയില്‍ യുവതിക്ക് ഹൃദയസ്തംഭനമുണ്ടായതായും പോലീസ് പറഞ്ഞു. ഉടന്‍ തന്നെ നെയ്യാറ്റിന്‍കര നിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് വിദഗ്ദ ചികില്‍സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രി ലേക്ക് മാറ്റി.