തൃശ്ശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ട ദിവസം ആംബുലന്‍സില്‍ തിരുവമ്പാടിയിലെത്തിയ സംഭവത്തില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു. സിപിഐ തൃശ്ശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നല്‍കിയ പരാതിയിലാണ് കേസടുത്തിരിക്കുന്നത്.
ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചതിലാണ് കേസ്. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സില്‍ യാത്ര ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പോലീസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.
തൃശ്ശൂര്‍ പൂരം അലങ്കോലമായതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സുമേഷിന്റെ പരാതി. പൂരം അലങ്കോലമായ രാത്രി വീട്ടില്‍ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലന്‍സിലാണ് സുരേഷ് ഗോപി എത്തിയത്. ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.