പാലക്കാട് സ്വകാര്യ ബസിന് നേരെ ബൈക്കിലെത്തിയ അജ്ഞാതരുടെ ആക്രമണം, യാത്രക്കാരിക്ക് പരിക്ക്

പാലക്കാട്: ചാലിശ്ശേരിയില്‍ സ്വകാര്യ ബസിന് നേരെ ബൈക്കിലെത്തിയ അജ്ഞാതരുടെ ആക്രമണം. ബസിന്റെ മുന്‍വശത്തെ തകര്‍ന്ന ചില്ല് തെറിച്ച് യാത്രക്കാരിക്ക് പരിക്കേറ്റു. ഗുരുവായൂര്‍ – പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്.

പാലക്കാടേക്ക് പോകും വഴി ചാലിശ്ശേരിയിലെത്തിയപ്പോഴായിരുന്നു മുന്‍ഭാഗത്തെ ചില്ലിലേക്ക് ഏറു വന്നത്. കൂറ്റനാട് നിന്നും ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമണത്തിന് പിന്നിലെന്ന് ബസ് ജീവനക്കാരന്‍ പറയുന്നു.

ബസിന്റെ മുന്‍ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ചില്ല് തെറിച്ചാണ് മുന്നിലുണ്ടായ യാത്രക്കാരിക്ക് പരിക്കേറ്റത്. വയറിങ്ങ് ജോലികള്‍ക്ക് ഉപയോഗിക്കുന്ന വലിയ സ്‌ക്രൂ ഡ്രൈവര്‍ ബസിനുള്ളില്‍ നിന്നും കണ്ടെത്തി. കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാറിന് നേരെയും ഇവര്‍ പ്രകോപനപരമായി പെരുമാറിയെന്നും നാട്ടുകാര്‍ പറഞ്ഞു. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ എത്തിയവരാണ് ആക്രമണം നടത്തിയത്. ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version