മലപ്പുറം: കേടായ മൊബൈല്‍ഫോണ്‍ മാറ്റി നല്‍കാത്തതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ബിസിനസ് പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്കാര്‍ട്ട് പരാതിക്കാരന് 25,000 രൂപ നഷ്ട പരിഹാരവും ഫോണിന്റെ വിലയായ 20402 രൂപയും കോടതി ചിലവിലേക്ക് 5000 രൂപയും നല്‍കണമെന്ന് വിധിച്ചു. കൂടാതെ തകരാറിലായ ഫോണ്‍ പരാതിക്കാരന് തന്നെ ഉപയോഗിക്കാനും വിധിച്ചു.
വാറണ്ടി കാലവധിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ തകരാറിലായിട്ടും മാറ്റി നല്‍കാത്തതിനെ തുടര്‍ന്ന് ഉപഭോക്താവിന് നഷ്ട പരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കോടതി വിധിക്കുകയായിരുന്നു. ചെട്ടിപ്പടി നെടുവ അത്താണിയിലെ ചെരിച്ചമ്മല്‍ മുഹമ്മദ് കോയ എന്നയാളുടെ പരാതിയിലാണ് നടപടി.
2023 മാര്‍ച്ച് 29നാണ് മുഹമ്മദ് കോയ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും റെഡ്മിയുടെ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയത് വാങ്ങിയത്. ഉപയോഗിച്ച് വരവേ ഫോണിന്റെ മൈക് തകരാറിലായി. തുടര്‍ന്ന് മെയ് 13ന് തിരൂരില്‍ എം.ഐ സര്‍വീസ് സെന്ററില്‍ കൊണ്ടുപോയി കാണിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ 2021 ഏപ്രില്‍ നാലിന് ഗുജറാത്തില്‍ വില്‍പ്പന നടത്തിയ ഫോണ്‍ ആണെന്നും ഫോണിന് വാറണ്ടി ഇല്ലെന്നും മറ്റും പറഞ്ഞ് ഫോണ്‍ മടക്കുകയാണ് ഉണ്ടായത്.
തുടര്‍ന്ന് ഫ്‌ലിപ്കാര്‍ട്ടില്‍ 2023 മെയ് 13ന് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ഫ്ളിപ്കാര്‍ട്ട് സ്ഥാപനത്തില്‍ നിന്ന് ഓരോരോ കാരണങ്ങള്‍ പറഞ്ഞ് പരാതിക്കാരനെ നിരന്തരം വഞ്ചിച്ചതോടെയാണ് മുഹമ്മദ് കോയ അഡ്വ. മുഹമ്മദ് സല്‍മാന്‍ സഖാഫി മുഖേന പരാതി നല്‍കിയത്.