കോട്ടയം: ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിഴിഞ്ഞം സ്വദേശി യഹിയ ഖാനെയാണ് ശിക്ഷിച്ചത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
2008 ജൂണ്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം.
തിരുവനന്തപുരത്ത് നിന്ന് പാത്രക്കച്ചവടത്തിനാണ് പ്രതി പാലായില്‍ എത്തിയത്. വീടുകള്‍ കയറി ഇറങ്ങി പാത്രം കച്ചവടം ചെയ്തിരുന്ന യഹിയാ ഖാന് പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കി അകത്ത് കയറുകയായിരുന്നു. പെണ്‍കുട്ടിയോട് കുടിക്കാന്‍ വെളളം ചോദിച്ച ശേഷമാണ് ആക്രമിച്ചത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ അന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു.
എന്നാല്‍ കേസില്‍ ജാമ്യം കിട്ടിയ യഹിയാ ഖാന് 2012ല്‍ വിദേശത്തേക്ക് കടന്നു. വ്യാജ പാസ്പോര്‍ട്ട് ഉണ്ടാക്കിയാണ് ഒളിവില്‍ പോയത്. വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ പ്രതി ഷാര്‍ജയില്‍ ഉണ്ടെന്ന് അറിഞ്ഞതോടെ പോലീസ് ഇന്റര്‍ പോളിന്റെ സഹായം തേടി. അങ്ങനെ ആറ് മാസം മുമ്പ് ഇയാളെ നാട്ടിലെത്തിച്ച് വീണ്ടും അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിന് പുറമെ പട്ടിക ജാതി പീഡന നിരോധന നിയത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Discussion about this post