കാസര്‍കോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് പൊലീസ്. യാതൊരു സുരക്ഷാ മുൻകരുതലുകളും ഒരുക്കാതെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഏറ്റവും കുറഞ്ഞ സുരക്ഷാക്രമീകരണങ്ങള്‍ പോലും ഒരുക്കിയിരുന്നില്ലെന്നും അനുമതി തേടിയിരുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡി ശില്പ പറഞ്ഞു.
ചെറിയ തോതിൽ പടക്കങ്ങള്‍ പൊട്ടിക്കാനാണെങ്കിലും നേരത്തെ തന്നെ അനുമതി തേടേണ്ടതുണ്ട്. 100 മീറ്റര്‍ അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. പടക്കങ്ങള്‍ സൂക്ഷിച്ച ക്ഷേത്രത്തിന് സമീപത്തെ കലവറയിൽ നിന്ന് തന്നെയാണ് പടക്കങ്ങള്‍ പൊട്ടിച്ചതും. പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്ത് വെച്ച് തന്നെ പടക്കങ്ങള്‍ പൊട്ടിച്ചതാണ് അപകട കാരണം.
ഇവിടെ നിന്ന് ആളുകളെ മാറ്റിനിർത്തിയില്ല. പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ പാലിക്കേണ്ട കുറഞ്ഞ സുരക്ഷ പോലും ഒരുക്കിയിരുന്നില്ല. പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കലവറയ്ക്ക് സമീപവും ആളുകള്‍ ഇരുന്നിരുന്നുവെന്നും നിലവില്‍ അലക്ഷ്യമായി പടക്കങ്ങള്‍ കൈകാര്യം ചെയ്തതിന് കേസെടുത്തിട്ടുണ്ടെന്നും ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഡി ശില്പ പറഞ്ഞു.
Discussion about this post