കണ്ണൂര്‍: മത്സ്യവില്‍പ്പനയ്ക്കിടെ സിപിഎം പ്രവര്‍ത്തകന്‍ എരുവട്ടി കോമ്പിലെ സി അഷറഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസുകാരായ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ.
ജീവപര്യന്തം കൂടാതെ 80,000 രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകത്തിന് 302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും, വധശ്രമത്തിന് 307 വകുപ്പ് പ്രകാരം 7 വര്‍ഷം തടവും 20,000 രൂപയും, പരിക്കേല്‍പിച്ചതിന് 324 വകുപ്പ് പ്രകാരം 2 വര്‍ഷം തടവും 10,000 രൂപയും അന്യായമായി തടങ്കലില്‍ വെച്ചതിന് 341 വകുപ്പ് പ്രകാരം ഒരുമാസം തടവിനുമാണ് ശിക്ഷിച്ചത്.
കൊല്ലപ്പെട്ട അഷ്റഫിന്റെ കുടുംബത്തിന് പിഴ സംഖ്യ നല്‍കണമെന്നും കോടതി വിധിച്ചു. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി(4) ആണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പിണറായിക്കടുത്തെ കാപ്പുമ്മലില്‍ വെച്ചാണ് അഷറഫിനെ വെട്ടിക്കൊലപ്പെടുത്തിയത്.
എരുവട്ടി പുത്തന്‍കണ്ടം പ്രനൂബ നിവാസില്‍ കുട്ടന്‍ എന്ന എം പ്രനു ബാബു (34), മാവിലായി ദാസന്‍മുക്ക് ആര്‍വി നിവാസില്‍ ടുട്ടു എന്ന ആര്‍ വി നിധീഷ് (36), എരുവട്ടി പാനുണ്ട മണക്കടവത്ത് ഹൗസില്‍ ഷിജൂട്ടന്‍ എന്ന വി ഷിജില്‍ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തില്‍ ഉജി എന്ന കെ ഉജേഷ് (34) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
എട്ടുപേര്‍ പ്രതികളായ കേസില്‍ ഏഴും എട്ടും പ്രതികളായ എരുവട്ടി പുത്തന്‍കണ്ടം ഷിജിന്‍ നിവാസില്‍ മാറോളി ഷിജിന്‍, കണ്ടംകുന്ന് നീര്‍വേലി തട്ടുപറമ്പ് റോഡ് സൗമ്യ നിവാസില്‍ എന്‍ പി സുജിത്ത് (29) എന്നിവര്‍ വിചാരണക്ക് മുമ്പ് മരിച്ചിരുന്നു. കീഴത്തൂര്‍ കോമത്ത് ഹൗസില്‍ കൊത്തന്‍ എന്ന എം ആര്‍ ശ്രീജിത്ത് (39), പാതിരിയാട് കുഴിയില്‍പീടിക ബിനീഷ് നിവാസില്‍ പി ബിനീഷ് (48) എന്നിവരെ വെറുതെ വിട്ടു.