കല്‍പ്പറ്റ: ബിജെപിയുടെ എതിര്‍പ്പ് തള്ളി വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു.രണ്ടാം ഘട്ട പ്രചാരണത്തിനായി കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ പ്രിയങ്ക ഇന്നും നാളെയും പ്രചാരണത്തില്‍ സജീവമായിട്ടുണ്ടാവും.
ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ സ്വത്തുവിവരങ്ങളില്‍ വ്യാപക പൊരുത്തക്കേടുണ്ടെന്ന് കാട്ടിയാണ് പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ബിജെപി ആവശ്യപ്പെട്ടത്.
വാധ്രയുടെ മൊത്തം ആസ്തി പത്രികയില്‍ വെളിപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവര്‍ഷങ്ങളില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയതും തമ്മില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്നായിരുന്നു ആക്ഷേപം.വാധ്രയുടെ ആസ്തിയായി പ്രിയങ്കയുടെ നാമനിര്‍ദേശ പത്രികയിലുള്ളത് 65.55 കോടി രൂപയാണ്.
എന്നാല്‍ 2010 -21 കാലയളവില്‍ ആദായനികുതി വകുപ്പ് വാധ്രയ്ക്ക് 80 കോടി രൂപയോളം നികുതി ചുമത്തിയിട്ടുണ്ട്. അതില്‍ 2019-20ല്‍മാത്രം 24.16 കോടിയാണ് നികുതി ചുമത്തിയത്.
ആദായ നികുതിവകുപ്പ് ചുമത്തിയ നികുതിക്ക് ആനുപാതികമായ ആസ്തി വാധ്രയ്ക്കുണ്ടെന്നും അത് വെളിപ്പെടുത്തണമെന്നുമാണ് ബിജെപിയുടെ ആവശ്യം. എന്നാല്‍ ബിജെപിയുടെ ആവശ്യം തള്ളി നാമനിര്‍ദേശ പത്രിക സ്വീകരിക്കുകയായിരുന്നു.