കൊല്ലം: ആഡംബര ജീവിതത്തിന് പണം കണ്ടെത്താനായി ബന്ധു വീട്ടില്‍ മോഷണം നടത്തിയ ഇന്‍സ്റ്റഗ്രാം താരം അറസ്റ്റില്‍. കൊല്ലം ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്നായി പതിനേഴ് പവനോളം സ്വര്‍ണ്ണം കവര്‍ന്ന യുവതിയാണ് അറസ്റ്റിലായത്.
ജനമഠം സ്വദേശി മുബീനയെയാണ് ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബറില്‍ മുബീനയുടെ ഭര്‍തൃ സഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവന്‍ വീതമുള്ള രണ്ട് ചെയിന്‍, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള്‍ എന്നിവ കാണാതായ സംഭവത്തിലെ അന്വേഷണമാണ് ഇന്‍സ്റ്റഗ്രാം താരത്തെ സിസിടിവി കുടുക്കിയത്.
സ്വര്‍ണം മോഷണം പോയ വിവരം മുനീറ അറിഞ്ഞത് ഒക്ടോബര്‍ പത്തിനായിരുന്നു. തുടര്‍ന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചു. ദൃശ്യങ്ങളില്‍ മുബീന സെപ്റ്റംബര്‍ 30ന് രാവിലെ പത്ത് മണിയോടെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്നതായി കണ്ടു. അതിന് ശേഷം ഒക്ടോബര്‍ പത്ത് വരെ പുറത്തുള്ള മാറ്റാരും വീട്ടില്‍ വന്നില്ലെന്നും ദൃശ്യങ്ങളില്‍ നിന്ന് മനസിലായി. ദൃശ്യങ്ങളെല്ലാം ശേഖരിച്ച ശേഷം ഒക്ടോബര്‍ 12ന് മുനീറ ചിതറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മോഷണത്തില്‍ മുബീനയെ സംശയിക്കുന്നതായും മുനീറ പോലീസിനോട് വിശദമാക്കിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ മുബീനയുടെ സുഹൃത്ത് അമാനിയും സമാനമായ മറ്റൊരു മോഷണ പരാതി ചിതറ സ്റ്റേഷനില്‍ തന്നെ നല്‍കിയിരുന്നു. ആ പരാതിയിലും മുബീനയെ സംശയിക്കുന്നതായി പറഞ്ഞിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ നാത്തൂന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരാതി നല്‍കുന്നത്. തുടര്‍ന്ന് പോലീസ് മുബീനയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
മുബീനയുടെ ഓട്ടോറിക്ഷ ഡ്രൈവറായ ഭര്‍ത്താവ് അടുത്തിടെയാണ് വിദേശത്ത് പോയത്. എന്നാല്‍ നയിച്ചിരുന്ന ആഢംബര ജീവിതത്തിനുള്ള സാമ്പത്തിക ശേഷി മുബീനക്ക് ഇല്ലെന്നും പോലീസിന് അന്വേഷണത്തില്‍ മനസിലായി. മുബീനയുടെ കയ്യിലുണ്ടായിരുന്നത് ഒന്നര ലക്ഷം രൂപയുടെ ഫോണായിരുന്നു. തുടര്‍ന്ന് മുബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും, ആദ്യ ഘട്ടത്തില്‍ മോഷണം നടത്തിയെന്ന് താനാണെന്ന് യുവതി സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് തെളിവുകള്‍ നിരത്തി പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ രണ്ട് മോഷണവും നടത്തിയത് താനാണെന്ന് മുബീന കുറ്റസമ്മതം നടത്തുകയായിരുന്നു. ആഡംബര ജീവിതം നയിക്കാനാണ് മോഷണം നടത്തിയതെന്നും മുബീന പൊലീസിനോട് പറഞ്ഞു. മോഷണം പോയവയില്‍ കുറച്ച് സ്വര്‍ണ്ണവും പണവും പൊലീസ് മുബീനയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.