തിരുവനന്തപുരം : തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യൂട്യൂബിൽ സജീവമായ ദമ്പതികൾ അവസാനമായി പോസ്റ്റ് ചെയ്ത വീഡിയോയിൽ ജീവനൊടുക്കാൻ പോകുന്നതിൻ്റെ സൂചനകൾ ഉണ്ടായിരുന്നു.
പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ് (45) പ്രിയ ലത (40) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പ്രിയാ ലതയാണ് യൂട്യൂബ് ചാനൽ നടത്തിയിരുന്നത്.
ചാനലിൽ പ്രധാനമായും കുക്കറി വീഡിയോകളായിരുന്നു ഇട്ടിരുന്നത്. എന്നാൽ ഈ മാസം 25 ന് പോസ്റ്റ് ചെയ്ത വീഡിയോയിൽ ‘വിട പറയുകയാണെൻ ജന്മം’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും ചിത്രങ്ങൾ മാത്രമായിരുന്നു പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഭർത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്.