വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം, കൊല്ലുമെന്ന് ഭീഷണി, നവ വധുവിന്റെ 52 പവന്‍ സ്വര്‍ണ്ണം പണയം വെച്ച് 13 ലക്ഷം രൂപയുമായി മുങ്ങി ഭര്‍ത്താവ്, പിടിയില്‍

arrest|bignewslive

തിരുവനന്തപുരം: നവ വധുവിന്റെ സ്വര്‍ണ്ണം പണയം വച്ച് പണവുമായി മുങ്ങിയ ഭര്‍ത്താവ് പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം. വിവാഹം കഴിഞ്ഞ് മൂന്നാംദിവസമാണ് പണവുമായി മുങ്ങിയത്.

നെയ്യാറ്റിന്‍കര കലമ്പാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തു (34) വാണ് അറസ്റ്റിലായത്. വര്‍ക്കല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വര്‍ക്കല പനയറ സ്വദേശിനിയായ യുവതിയുമായി 2021 ആഗസ്റ്റിലായിരുന്നു അനന്തുവിന്റെ വിവാഹം.

ഫിസിയോതെറാപിസ്റ്റാണ് ഇയാള്‍. വിവാഹശേഷം മൂന്നാംനാള്‍ തന്റെ കൈവശമുണ്ടായിരുന്ന 52 പവന്റെ സ്വര്‍ണാഭരണങ്ങള്‍ നിര്‍ബന്ധിപ്പിച്ച് പണയം വെച്ച് 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കി മുങ്ങിയെന്നാണ് ഭാര്യയുടെ പരാതി .

തന്റെ കുടുംബ വീടും വസ്തുവും തന്റെ പേരില്‍ പ്രമാണം ചെയ്തു കിട്ടണമെന്നും പുതിയ കാര്‍ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് അനന്തു നിരന്തരമായി കലഹമുണ്ടാക്കിയിരുന്നതായും കൊല്ലുമെന്ന് ഭീഷണി പ്പെടുത്തിയതായും വധു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കൂടാതെ യുവതിയുടെ ജാതകദോഷം മാറാന്‍ പൂജ നടത്തണമെന്നും ഇതിനായി ഒരു ലക്ഷം രൂപ യുവതി നല്‍കണമെന്ന് അനന്തുവിനോട് അച്ഛനും അമ്മയും സഹോദരനും ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.

യുവതി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് അനന്തു കിട്ടിയ പണവുമായി മുങ്ങിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അനന്തുവിന്റെ പിതാവ് ശശി, മാതാവ് സുരേഷ്‌കുമാരി, സഹോദരന്‍ അമല്‍ എന്നിവര്‍ക്കെതിരെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പൊലീസ് കേസെടുത്തു.

കേരളത്തില്‍ പലയിടങ്ങളിലായും ബെംഗളൂരുവിലും മാറിമാറി ഒളിവില്‍ താമസിച്ചു വരികയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂരില്‍ നിന്നാണ് ഇയാളെ വര്‍ക്കല പൊലീസ് പിടികൂടിയത്.

Exit mobile version