നാഗര്‍കോവില്‍: മലയാളിയായ കോളേജ് അധ്യാപികയെ നാഗര്‍കോവിലിലെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊല്ലം സ്വദേശിനിയായ ശ്രുതിയാണ് മരിച്ചത്.
ശ്രുതിയുടെ മാതാപിതാക്കളോട് നേരിട്ട് ഹാജരായി മൊഴി നല്‍കാന്‍ നാഗര്‍കോവില്‍ ആര്‍ഡിഒ എസ് കാളീശ്വരി നിര്‍ദ്ദേശം നല്‍കി. ഈ മാസം 29ന് ഹാജരാകാനാണ് കുടുംബത്തോട് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സ്ത്രീധനത്തിന്റെ പേരില്‍ ശ്രുതിയുടെ ഭര്‍ത്താവ് കാര്‍ത്തിക്കിന്റെ മാതാവ് ചെമ്പകവല്ലി സ്ഥിരമായി യുവതിയോട് വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനാണ് കാര്‍ത്തിക്.
ആറ് മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഈ മാസം 21നാണ് ശ്രുതിയെ വീട്ടിനുളളിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവിവരം അറിഞ്ഞ് ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം പൊലീസിന് പരാതി നല്‍കുകയായിരുന്നു.
പൊലീസും ആര്‍ഡിഒ കാളീശ്വരിയും സംഭവത്തിന് പിന്നാലെ തന്നെ വീട്ടിലെത്തി കാര്‍ത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തിരുന്നു. അതേസമയം, സംഭവത്തെ തുടര്‍ന്ന് വിഷം കഴിച്ച ചെമ്പകവല്ലിയുടെ നില ഗുരുതരമാണ്. ഇവര്‍ ആശാരിപള്ളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.