കണ്ണൂര്‍: കണ്ണൂർ എഡിഎം നവീന്‍ബാബുവിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘം. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.
കേസിൽ കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. കണ്ണൂര്‍ എസിപി രാജ് കുമാര്‍, കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി, സിറ്റിയിലെ മറ്റൊരു എസ്എച്ച്ഒ സനല്‍കുമാര്‍, എസ്‌ഐ രേഷ്മ, സൈബര്‍ സെല്‍ എസ്‌ഐ ശ്രീജിത്ത് തുടങ്ങി ആറ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
നവീന്‍ ബാബുവിൻ്റെ കുടുംബം നേരിട്ട് നിയമപോരാട്ടത്തിന് ഇറങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത പൊലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്.
എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തു വരുന്ന വിവരങ്ങള്‍, മരണത്തിന് ഇടയാക്കിയ കാര്യങ്ങള്‍, ഫോണ്‍വിളികള്‍ അടക്കമുള്ള കാര്യങ്ങള്‍, നവീന്‍ ബാബുവിനെതിരെ പരാതി ഉന്നയിച്ച ടി വി പ്രശാന്തനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍, സിപിഎം നേതാവ് പി പി ദിവ്യക്കെതിരായ ആരോപണങ്ങള്‍ തുടങ്ങിയവയെല്ലാം വിശദമായി പരിശോധിക്കാനാണ് നിര്‍ദേശം.