കണ്ണൂരില്‍ മരുന്ന് വാങ്ങുന്നതിനിടെ അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന്റെ മാല പൊട്ടിച്ച് യുവതികള്‍, അന്വേഷണം

തളിപ്പറമ്പ്: കണ്ണൂരില്‍ അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് രണ്ട് സ്ത്രീകള്‍. തളിപ്പറമ്പില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. പ്രധാന പാതയോരത്ത് സിസിടിവിയടക്കമുള്ള മെഡിക്കല്‍ സ്റ്റോറില്‍ വെച്ചാണ് രണ്ട് യുവതികള്‍ പിഞ്ച് കുഞ്ഞിന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തത്.

സഹകരണ ആശുപത്രിക്ക് നേരെ മുന്നിലുള്ള മെഡിക്കല്‍ സ്റ്റോറിലാണ് സംഭവം. സെയിദ് നഗര്‍ സ്വദേശിനിയായ ഫാഹിദയുടെ ഒരുവയസുള്ള മകളുടെ മാലയാണ് രണ്ട് യുവതികള്‍ വിദഗ്ധമായി പൊട്ടിച്ചെടുത്തത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ഫായിദ കുഞ്ഞിന് മരുന്ന് വാങ്ങാനായാണ് മെഡിക്കല്‍ സ്റ്റോറിലെത്തിയത്. ഈ സമയം റോഡ് മുറിച്ച് കടന്ന് ചുരിദാര്‍ ധരിച്ച രണ്ട് സ്ത്രീകള്‍ മെഡിക്കല്‍ സ്റ്റോറിലേക്ക് വരുന്നത് സിസിടിവിയിലെ ക്യാമറയില്‍ കാണാം. മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാര്‍ ഫായിദയ്ക്ക് മരുന്ന് നല്‍കുന്ന തക്കത്തിലാണ് മോഷണം നടന്നത്.

യുവതികളില്‍ ഒരാള്‍ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരോട് സംസാരിച്ച് ശ്രദ്ധമാറ്റിയ തക്കത്തിനാണ് കൂടെയുണ്ടായിരുന്ന യുവതി തന്ത്രപരമായി പിന്നില്‍ നിന്നും കുട്ടിയുടെ മാല പൊട്ടിച്ചെടുത്തത്.

കറുത്ത ചുരിദാറും ചുവന്ന ഷാളും ധരിച്ച യുവതി ജീവനക്കാരുടെ ശ്രദ്ധതിരിച്ച തക്കത്തിന് കൂട്ടുപ്രതി തന്റെ ഷാള്‍കൊണ്ട് പിന്നിലെ കാഴ്ചയും മറച്ച് കുട്ടിയുടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പിന്നാലെ ഒന്നും സംഭവിക്കാത്ത പോലെ യുവതികള്‍ സ്ഥലം വിട്ടു. ഫായിദ പിന്നീടാണ് മകളുടെ മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തളിപ്പറമ്പ് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മാല മോഷണം പോയത് മെഡിക്കല്‍ സ്റ്റോറിന് മുന്നില്‍ നിന്നാണെന്ന് കണ്ടെത്തിയത്. സ്വര്‍ണ്ണമാല പൊട്ടിച്ച സ്ത്രീകള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Exit mobile version