കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കോടതിയില്‍ ഗുരുതര ആരോപണവുമായി പ്രോസിക്യൂഷന്‍. എഡിഎമ്മിനെ ദിവ്യ വ്യക്തിഹത്യ നടത്തിയെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു.
യാത്രയയപ്പ് യോഗത്തില്‍ ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരമാണ്. രണ്ടുദിവസത്തിനകം കാണാമെന്ന് ദിവ്യ പറഞ്ഞത് അതാണെന്നും സ്വന്തം കുടുംബത്തെപ്പറ്റി കോടതിയില്‍ പറയുന്ന പി പി ദിവ്യ, അപ്പോള്‍ നവീന്‍ ബാബുവിന്റെ കുടുംബത്തെപ്പറ്റി എന്തു പറയുമെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഗവണ്‍മെന്റ് പ്ലീഡര്‍ കെ അജിത് കുമാര്‍ ചോദിച്ചു.
ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നും ദിവ്യ 10 വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിട്ടുള്ളതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
കൃത്യമായ ആസൂത്രണത്തോടെയാണ് ദിവ്യ യോഗത്തിന് എത്തിയത്. മാധ്യമപ്രവര്‍ത്തകനെ വിളിച്ച് യോഗം റെക്കോര്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ ദിവ്യ പിന്നീട് ആവശ്യപ്പെട്ടുവെന്നും ദിവ്യയുടെ വ്യക്തിഹത്യയാണ് നവീന്‍ബാബുവിന്റെ മരണത്തിന് കാരണമായതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
Discussion about this post