പത്തുലക്ഷം രൂപയും 50 പവനും നല്‍കി ആറുമാസം മുമ്പ് വിവാഹം, പിന്നാലെ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് അമ്മായിയമ്മയുടെ ക്രൂരപീഡനം, കോളജ് അധ്യാപിക ജീവനൊടുക്കി

death|bignewslive

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി.. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. ആറു മാസം മുന്‍പായിരുന്നു ശ്രുതിയുടെ വിവാഹം.

തമിഴ്നാട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ തന്നെ ജീവനക്കാരനായ തമിഴ്നാട് സ്വദേശി കാര്‍ത്തിക്കാണ് ശ്രുതിയുടെ ഭര്‍ത്താവ്. കൊല്ലം സ്വദേശികളായ ബാബു- ദേവി ദമ്പതികളുടെ മകളാണ് ശ്രുതി.

തമിഴ്നാട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ എന്‍ജിനിയറാണ് ബാബു. എംഎ പൂര്‍ത്തിയാക്കി കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത് വരുന്നതിനിടെയായിരുന്നു കാര്‍ത്തിക്കുമായി ശ്രുതിയുടെ വിവാഹം.

കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്ക് വിവാഹ സമ്മാനമായി പത്തുലക്ഷം രൂപയും 50 പവനും നല്‍കിയതായി ശ്രുതിയുടെ ബന്ധുക്കള്‍ പറയുന്നു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് കാര്‍ത്തിക്കിന്റെ അമ്മയില്‍ നിന്നും ശ്രുതി കടുത്ത പീഡനമാണ് നേരിട്ടതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

അമ്മായിയമ്മ സ്ഥിരമായി ശ്രുതിയുമായി വഴക്കിട്ടിരുന്നുവെന്നും എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ നിര്‍ബന്ധിച്ചിരുന്നുവെന്നും ഭര്‍ത്താവിനൊപ്പം ഇരിക്കാന്‍ ശ്രുതിയെ സമ്മതിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഇക്കാര്യങ്ങളെല്ലാം മരണത്തിന് തൊട്ടുമുന്‍പ് ശ്രുതി വീട്ടുകാര്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ് നിരന്തരം പീഡിപ്പിച്ചതായും എന്നാല്‍ വീട്ടിലേക്ക് മടങ്ങിപ്പോയി വീട്ടുകാര്‍ക്ക് നാണക്കേട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നതായും ബന്ധുക്കള്‍ പറയുന്നു.

Exit mobile version