കൊല്ലം: കൊല്ലത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടറെയും ജീവനക്കാരെയും ആക്രമിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. കൊല്ലം ചടയമംഗലം പോരേടം സ്വദേശികളായ നൗഫല്‍ , മുഹമ്മദ്, നൗഷാദ് എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് പ്രതികള്‍ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും മറ്റ് ജീവനക്കാരെയും മര്‍ദിച്ചത്. ഒരു അപകടത്തില്‍ പരിക്കേറ്റ ആളെയും കൊണ്ടാണ് മൂന്ന് യുവാക്കള്‍ തിങ്കളാഴ്ച രാത്രി പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിയത്.
ചികിത്സ വൈകുന്നതായി ആരോപിച്ച് ഡ്യൂട്ടി ഡോക്ടറുമായി ഇവര്‍ വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഡോക്ടറെയും ആശുപത്രിയിലെ മറ്റ് ജീവനക്കാരെയും യുവാക്കള്‍ കൈയ്യേറ്റം ചെയ്‌തെന്നാണ് കേസ്. ആശുപത്രിയില്‍ രാത്രി സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരനെയും പ്രതികള്‍ ആക്രമിച്ചെന്ന് പാരിപ്പള്ളി പോലീസ് പറയുന്നു.