കല്‍പ്പറ്റ: രാജ്യത്ത് തന്നെ പാര്‍ലമെന്റില്‍ രണ്ട് ജനപ്രതിനിധികളുണ്ടാകുന്ന ഒരേ ഒരു സ്ഥലമായിരിക്കും വയനാടെന്നും താനും ഈ നാടിന്റെ അനൗദ്യോഗിക പ്രതിനിധിയായി എപ്പോഴും കൂടെയുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി എംപി. പ്രിയങ്ക ഗാന്ധിയെ വയനാട്ടുകാര്‍ കൂടെ നിര്‍ത്തുമെന്ന് ഉറപ്പുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാടിന്റെ ഔദ്യോഗിക പ്രതിനിധിയായി സഹോദരിയും അനൗദ്യോഗിക പ്രതിനിധിയായി താനും ഉണ്ടാകും.
തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ അമ്മയെ നോക്കിയത് പ്രിയങ്കയാണ്. കുടുംബത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്നയാളാണ് പ്രിയങ്ക ഗാന്ധി. വയനാട്ടുകാരെ പ്രിയങ്ക കുടുംബമായി കാണുന്നു. കൂട്ടുകാര്‍ക്ക് എന്ത് പ്രശ്‌നമുണ്ടായാലും ചെറുപ്പം മുതലെ അവര്‍ക്കൊപ്പം നില്‍ക്കുന്നതാണ് പ്രിയങ്കയുടെ രീതി. അതിനാല്‍ തന്നെ വയനാട്ടുകാരുടെ എന്ത് പ്രശ്‌നത്തിലും പ്രിയങ്ക ഗാന്ധി കൂടെയുണ്ടാകുമെന്ന് ഉറപ്പുണ്ട്.
എനിക്ക് നല്‍കിയ സ്‌നേഹം പ്രിയങ്കയ്ക്കും നല്‍കണം. നിങ്ങള്‍ വയനാട്ടുകാരെ ഞാന്‍ എന്റെ സഹോദരിയെ ഏല്‍പ്പിക്കുകയാണ്. വയനാട്ടിലെ ജനങ്ങളുടെ പൂര്‍ണ പിന്തുണ സഹോദരിക്കുണ്ടാകണം. എന്റെ കൈയില്‍ ഉള്ള രാഖി പ്രിയങ്ക കെട്ടിയതാണ്. ഇത് പൊട്ടുന്നത് വരെ അഴിച്ചു മാറ്റില്ല. അതുപോലെ അറ്റുപോകാത്ത ബന്ധം പോലെ തന്റെ സഹോദരിയെ വയനാട്ടിലെ പ്രിയപ്പെട്ടവര്‍ നോക്കണമെന്നും കൂടെയുണ്ടാകുമെന്നാണ് നല്‍കാനുള്ള ഉറപ്പമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ആദ്യമായാണ് തനിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതെന്നും വയനാടിന്റെ കുടുംബമാവുന്നതില്‍ അഭിമാനമുണ്ടെന്നുമാണ് വയനാട്ടിലെ യുഡിഎഫ് ലോക്‌സഭ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി പറഞ്ഞത്. കല്‍പ്പറ്റയെ ഇളക്കിമറിച്ചുള്ള റോഡ് ഷോയ്ക്കുശേഷം പൊതുപരിപാടിയില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.