ആന്‍ഡമാനില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടും, ശേഷം ‘ദന’ ചുഴലിക്കാറ്റും; കേരളത്തില്‍ മഴ തുടരും

തിരുവനന്തപുരം: മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ‘ദന’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റാണ് ഭീഷണിയുയര്‍ത്തുന്നത്. ആന്‍ഡമാന്‍ കടലിന് മുകളില്‍ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുകയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ഒഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും ദന ചുഴലിക്കാറ്റ് നീങ്ങുക. അതുകൊണ്ടുതന്നെ കേരളത്തിന് ‘ദന’ വലിയ ഭീഷണി ഉയര്‍ത്തില്ലെന്നാണ് സൂചന. എന്നാല്‍ കേരളത്തില്‍ തുലാവര്‍ഷത്തോടനുബന്ധിച്ചുള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളില്‍ മഴ മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആയിരിക്കും.

അതിനിടെ കേരള തീരത്ത് കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Exit mobile version